Friday 30 August 2013

തൂവൽ......: വാഗ്ദാനം

തൂവൽ......: വാഗ്ദാനം:                                                   വാഗ്ദാനം                          വാഗ്ദാനങ്ങൾ നല്കാനുള്ളത്.... പാലിക്കാനുള്...

വാഗ്ദാനം

                                                 വാഗ്ദാനം

                        

വാഗ്ദാനങ്ങൾ നല്കാനുള്ളത്....

പാലിക്കാനുള്ളവയാണോ???
അവ പാലിച്ചെന്നാൽ,നിരർത്ഥകമാവും-
വാഗ്ദാനം എന്നതിനർത്ഥം .
                         ദാരിദ്ര്യം വിട്ടൊഴിയും എന്നൊരു-
                         പുഗവനവനുടെ  വാഗ്ദാനം
                         വിരലിൽ മഷി പുരളും വരെയെന്നതു പരമാർത്ഥം 
                         എന്നാൽ മാറി  ദാരിദ്ര്യം പുഗവനവനുടെയെന്നതു-
                         പച്ചപരർത്ഥം....
കണ്ണീർ വറ്റിയ ഊരുകളിൽ-
പാലും,പയറും വാഗ്ദാനം
എന്നാൽ കഞ്ഞിയിൽ വറ്റില്ല 
എന്നത് പച്ചപരർത്ഥം....
                           വെള്ളയിൽ കണ്ണീർത്തുള്ളിയുണങ്ങിയ-
                           നേഴ്സുംമാരുടെ വേതനമിന്ന്- 
                           കൂട്ടും എന്നത് വാഗ്ദാനം....
                           എന്നാൽ.......എന്നത് കൂട്ടും എന്നറിവില്ല-
                            സാക്ഷാൽ വിസർജിത പുഗവനും....
അഴിമതിയിവിടെ നടത്തിക്കില്ല എന്നത്....
പാർട്ടികൾ തൻ വാഗ്ദാനം,
എന്നാൽ അഴിമതികാട്ടാനിന്നീ-
പല പല കൊടികൾ തൻ മാത്സര്യം..
                           വാഗ്ദാനത്തിൽ വിശ്വസ്തത കാട്ടും,
                           അഴിമതി വീരർക്കു അകമ്പടി പാടും
                           പൊതുജെന കഴുതകളല്ലേ നമ്മൾ??????
                           ചിന്തിക്കാനിനിയും സമയം...
                           നിങ്ങൾ ചോദിക്കരുതേ സോദരരേ......(2) 



                                                                   അബി തോമസ്‌............
                            

Wednesday 28 August 2013

തൂവൽ......: രോമ മഹാത്മ്യം......"

തൂവൽ......: രോമ മഹാത്മ്യം......": രോമത്തിനു വെക്തിജീവിതതിലും കുടുംബ ജീവിതത്തിലുമുള്ള സ്ഥാനം എത്രയെന്നു ഞാൻ അറിഞ്ഞത് വർഷങ്ങൾക്കുമുൻപ് എന്റെ ബിരുദ കാലഘട്ടത്തിലാണ് ഇതാ രോമത്...

Thursday 15 August 2013

രോമ മഹാത്മ്യം......"


രോമത്തിനു വെക്തിജീവിതതിലും കുടുംബ ജീവിതത്തിലുമുള്ള സ്ഥാനം എത്രയെന്നു ഞാൻ അറിഞ്ഞത് വർഷങ്ങൾക്കുമുൻപ് എന്റെ ബിരുദ കാലഘട്ടത്തിലാണ് ഇതാ രോമത്തെപറ്റിയുള്ള ഒരു ചെറുകഥ.............


                                                 രോമ മഹാത്മ്യം......"    



  
അയാൾ അങ്ങനെ ഏറെ നേരം കണ്ണാടിയിലേക്ക് നോക്കി നിന്നു.....പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മൂകത അയാളെ ഭരിച്ചുകൊണ്ടിരുന്നു.ഒരു തീരുമാനം എടുക്കാൻ കഴിയാതെ പതപ്പിച്ചുവെച്ച സോപ്പ് അയാളുടെ നീണ്ട താടിരോമങ്ങളിൽ ഉണങ്ങികൊണ്ടിരുന്നു.....
              അയാൾ തന്റെ കൈകൾകൊണ്ട് ഇടതൂർന്നു പനങ്കുലപോലെ കിടക്കുന്ന,ഇടക്ക് വെള്ളികെട്ടിയപോലുള്ള നനുത്ത താടിരോമങ്ങളിൽ കൈയ്യോടിച്ചുകൊണ്ടിരുന്നു, മേൽച്ചുണ്ടു മറച്ച് ഒഴുകികിടക്കുന്ന മീശ..അയാളുടെ ഓർമ്മകൾ അൽപ്പം പുറകോട്ടു നീണ്ടു....."എന്റെ അത്രയും പോലും മീശ നിനക്കില്ലോടാ ചെക്കാ" ഈ ചോദ്യത്തിന് വർഷങ്ങൾ നീണ്ട പഴക്കം ഉണ്ട്........  പ്രണയം തന്റെ മനസ്സിൽ കറുപ്പ് വീഴ്ത്തിയ കാലംമുതൽ തുടങ്ങിയ പ്രതികാരനടപടിയുടെ ഭാഗമാണ് ഇന്നു  ഇടതൂർന്നു കിടക്കുന്ന ഈ താടിരോമങ്ങൾ .... വർഷങ്ങൾ പലതും കൊഴിഞ്ഞു പോയെങ്കിലും പ്രതികാരത്തിനോപ്പം താടിയും വളർന്നുകൊണ്ടേയിരുന്നു ..........
             വർഷം എത്രയായി എന്നെ കെട്ടിയപ്പോൾ മുതൽ പറയുന്നതാ ഈ നശിച്ച താടിയും മീശയും ഒന്ന് വടിക്കാൻ,ഒരു താടീം മീശേം വന്നിരിക്കുന്നു ലോകത്ത് മറ്റാർക്കും ഇതൊന്നും ഇല്ലാത്ത പോലെ .....ഹും ..നാശം എത്ര ജോലിയാണ് നിങ്ങടെ ഈ കോപ്രായം കൊണ്ട് പോയിരിക്കുന്നത് "  താടി അടുപ്പത്തിട്ടാൽ അരിയാകില്ല". ഒരു താടി മഹാത്മ്യം......
 പുലർച്ചെ എഴുന്നേറ്റപ്പോൾ മുതൽ തുടങ്ങിയ പുലമ്പലാണ്‌ താടി അടുപ്പത്തിട്ടാൽ അരിയാകില്ലപോലും....പഴയ ഡയലോഗ് ഒന്നു മാറ്റി പിടിക്കെടി എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല എന്തിനാണു വെറുതെ ചൊറി മാന്തി കുഷ്ടം വരുത്തുന്നത്....
            അവൾ തുടർന്നു .....അതെങ്ങനെയാ ഉറക്കത്തിൽ താടി മുറിക്കാൻ ശ്രമിച്ച അപ്പനെതിരെ കേസ് കൊടുത്ത ആളല്ലേ....എന്നിട്ടു നഷ്ടപരിഹാരം കിട്ടിയോ?...ത്പൂ ...പരിഹാസം മാത്രം ബാക്കി....എന്റെ വള്ളിയൂർക്കാവിലമ്മേ ഇയാൾക്ക് നല്ല ബുദ്ധി കൊടുക്കണേ .....പുലർകാലത്ത്‌ തന്നെയുള്ള ഈ കലിതുള്ളൽ കേട്ട് അയാൾ ഉളളിൽ ചിലത് ഓർത്തു ചിരിച്ചു.........
കഴിഞ്ഞ ദിവസത്തെ ഇന്റർവ്യൂവിനു ശേഷം പഴയ പട്ടാളക്കാരനായ സി ഇ ഒ യുടെ മറുപടി....... വെൽ മിസ്റ്റർ സുരേഷ് താങ്കൾക്ക് താല്പര്യമെങ്കിൽ നാളെത്തന്നെ ജോയിൻ ചയ്തുകൊള്ളൂ.ഞങ്ങൾക്ക് ആവശ്യമുള്ള എല്ലാ കഴിവുകളും നിങ്ങൾക്കുണ്ട്‌ പക്ഷെ... നിങ്ങളുടെ  ഈ താടിരോമങ്ങൾ നിർമാർജെനം ചെയ്യുന്നതിൽ തെറ്റില്ലലോ? മറ്റൊന്നുമല്ല അത് ഞങ്ങളുടെ കമ്പനിയുടെ പോളിസിയുടെ ഭാഗമാണ്........
              കാച്ചിയ എണ്ണയുടെയും, വാസനസോപ്പിന്റെയും മണം രാത്രിഉറങ്ങാൻ കിടക്കവേ എന്റെ നാസികയിൽ തുളഞ്ഞു കയറി..അവൾ മെല്ലെ എന്റെ അടുത്തുവന്നു കിടന്നു,ഒരിക്കലും കാണിക്കാത്ത അത്ര അവളുടെ  സ്നേഹത്തിൽ ഞാൻ വശ്യതപ്പെട്ടുപോയി ...  ഇന്റർവ്യൂവിന്റെയും, സി ഇ ഒ യുടെ വാക്കുകളും ഞാൻ അറിയാതെ അവൾ എന്നിൽനിന്നു ചോർത്തിയെടുത്തു.അടുക്കളയിൽ എന്തോ കരിഞ്ഞു മണക്കുന്നു ഞാൻ ഇപ്പോൾ വരാം അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു നടന്നകന്നു.....ഏറെകാലംകൂടി എന്നിൽ ഉണർന്ന എന്റെ പുരുഷത്വം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായി ഞാൻ തിരിഞ്ഞു കിടന്നു ഉറങ്ങാൻ ശ്രമിച്ചു...പെട്ടന്ന് എന്തോ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.......
             വാസുവേട്ടന്റെ കടയടച്ചു, പിന്നെ ഞാൻ ജോണീടെ വീട്ടിൽ നിന്നും ഒരു ബ്ലേഡ് വയ്പ്പ മേടിച്ചു ..നാളെയങ്ങു തിരിച്ചു കൊടുക്കാമല്ലോ?ഒരു വഴക്ക് ഉണ്ടാക്കാൻ താൽപര്യം ഇല്ലാത്തതിനാൽ ഞാൻ തിരിഞ്ഞു കിടന്നു ഉറങ്ങാൻ വീണ്ടും ശ്രമിച്ചു ....മുറിയിലെ ലൈറ്റ് അണഞ്ഞു അരണ്ട നീല വെളിച്ചം മുറിയിലെങ്ങും നിറഞ്ഞു  കാച്ചിയ എണ്ണയുടെയും, വാസനസോപ്പിന്റെയും മണം  എന്നിൽ പുതയാൻ തുടങ്ങി അവളുടെ കരതലം എന്റെ മാറിടത്തിലൂടെ ചുറ്റി എന്നെ വരിഞ്ഞു മുറുക്കി, അവളുടെ നിശ്വാസം എന്റെ കർണപാളികളിലൂടെ ഒഴുകിയിറങ്ങി അവളുടെ അലസമായ മുടിയിഴകൾ എന്റെ മുഖത്തെ മറച്ചു അരണ്ട നീല വെളിച്ചത്തിൽ വിറയ്ക്കുന്ന അവളുടെ പവിഴാധരങ്ങൾ എന്റെ മുഖത്തിനോടടുത്തു പിന്നെ പതിയെ പതിയെ അവൾ എന്റെ ചെവിയിൽ മന്ത്രിച്ചു.......
            എന്റെ പൊന്നല്ലേ നമ്മുടെ കഷ്ടപ്പാട് എല്ലാം മാറത്തില്ലേ...എത്ര കാലം എന്നുവെച്ചാ നമ്മൾ ഇങ്ങനെ കഴിയുന്നത്‌ എല്ലാവരെയും പോലെ നമുക്കും നന്നായി ജീവിക്കണ്ടേ ...?അതിന് ഈ വെറും രോമങ്ങൾ തടസമാണെങ്കിൽ,എന്നോട് സ്നേഹം ഉണ്ടെങ്കിൽ അത് വടിച്ചു കളഞ്ഞേക്ക് ...പിന്നെ സ്വതസിദ്ധമായ കള്ളപിണക്കം നടിച്ചു അവൾ തിരിഞ്ഞു കിടന്നു ഉറങ്ങി ..ഞാനും ചിലതൊക്കെ ചിന്തിച്ചു കിടന്നുറങ്ങി ......
        നിങ്ങൾ എന്തോ സ്വപ്നം കാണുവാ മനുഷ്യാ..ഈ സോപ്പും മുഖത്ത് തേച്ചു വെച്ചിട്ട് ഒന്ന് വടിച്ചേച്ചും വാ....അവൾ തുടർന്ന്കൊണ്ടേയിരുന്നു..എന്റെ മുഖത്തേക്ക് വെള്ളതുള്ളികളും അപ്പോൾ ജനൽപടിയിലിരുന്ന ജോണീടെ ബ്ലേഡ് തിളങ്ങുന്നുണ്ടായിരുന്നു...........
         
                                                                                                                 അബി തോമസ്‌


       

Saturday 10 August 2013

കറുപ്പും വെളുപ്പും .....

                                        
                        കറുപ്പും വെളുപ്പും 



വൾ തന്റെ കൈകളിലേക്ക് കുട്ടിക്യുറ പൌഡർ കുടഞ്ഞിട്ടുകൊണ്ടെയിരുന്നു പിന്നെ ഇരു കൈകൊണ്ടു കൂട്ടിത്തിരുമ്മി കവിളിലും, കണ്‍പോളകളിലും, കാതുകൾ, മൂക്ക് എന്നിവിടങ്ങളിലും അവൾ വളെരെ സസൂഷ്മം പൌഡർ പൂശികൊണ്ടിരുന്നു പക്ഷെ പിന്നെയും കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു ദുഃഖം അവൾ ച്യ്തത് വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നു 
                       അവൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു കാഴ്ച്ചയിൽ അവൾ അൽപ്പം കറത്തിട്ടാണെങ്കിലും അവളുടെ വിടർന്ന കണ്ണുകളും, ഉയർന്ന നാസികയും,മാതള അല്ലികൾ പോലുള്ള പല്ലുകൾ കാട്ടിയുള്ള അവളുടെ പുഞ്ചിരിയും, അവനെ അവളിൽ മോഹിപ്പിക്കാൻ പോന്നതായിരുന്നു അവന്റെ കണ്ണുകളിൽ അവളെന്ന തിരമാല തികട്ടികൊണ്ടെയിരുന്നു മാത്രമല്ല അവന്റെ സങ്കൽപ്പങ്ങളിൽ കറുപ്പ് ഒരു കുറവായിരുന്നില്ല.....
                       അവളും ഇടക്കിടെ അവനെ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു കാഴ്ച്ചയിൽ അൽപ്പം ജാടയാണെന്ന് തോന്നിക്കുമെങ്കിലും കൂട്ടുകരോടെ ഇടക്ക് നേരം പോക്ക് പറഞ്ഞു ചിരിക്കുകയും ഇടയ്ക്ക് തന്നെ ഒളികണ്ണ്‍ഇട്ടു നോക്കുകയും ചെയ്ത അവനോട്അവൾക്കു ഒരു ഇഷ്ടം തോന്നി ഒരു കഴ്ച്ചയിൽ തന്നെ തോന്നുന്ന ഇഷ്ടത്തിന്റെ മാനങ്ങളിലെക്കൊന്നും അവളുടെ ചിന്തകൾ കടന്നിരുന്നില്ല എങ്കിലും എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു എന്ന് തുറന്നു പറയാനുള്ള അവളുടെ വലിയ ആശയെ, താനൊരു പെണ്ണാണ്‌ എന്നാ ചിന്ത അവളെ വിഴുങ്ങികളഞ്ഞു. അവന്റെ കണ്ണുകൾക്ക്‌ വല്ലാത്ത കാന്തശക്തിയുള്ളതായി അവൾക്കു തോന്നി. ഇടക്കെപ്പഴോ അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി അവന്റെ നോട്ടം അവളുടെ കണ്ണുകളിൽ തുളച്ചുകയറി ആ ഒരു നിമിഷത്തിൽ അവരുടെ കണ്ണുകൾ ഒരായിരം കഥകൾ പരസ്പരം പങ്കുവെച്ചു പിന്നെ പെടുന്നനെ നാണത്താൽ അവൾ തന്റെ കണ്ണുകൾ പിൻവലിച്ചു ട്രെയിനിന്റെ ജനലഴികളിലൂടെ വിദൂരത്തെക്കു നോക്കിയിരുന്നു
                       നാഴികകൾ കൊഴിഞ്ഞുവീണ്കൊണ്ടിരുന്നു പിന്നെ നിമിഷങ്ങളായി ഒടുവിൽ ഒരു വലിയ ഇരമ്പലോടെ ഓടിക്കിതച്ചെത്തിയ ട്രെയിൻ ഒരു ഞെരക്കത്തോടെ വന്നു നിന്നു എഴുതിച്ചുരുട്ടി വച്ചിരുന്ന ഒരു കുറിപ്പ് അവൻ അവളെ കടന്നു പോകവേ അവളുടെ മുന്നിലിട്ടു ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിടർത്തി അയാൾ നടന്നകന്നു. ഒരു മാജിക്‌ കാരന്റെ കയ്യടക്കത്തിൽ അവൾ കരസ്ഥമാക്കിയ ആ കടലാസുതണ്ട് അപ്പോൾ അവളുടെ മാറിടത്തിൽ വിതുമ്പൽ കൊള്ളൂകയായിരുന്നു...........
                      ട്രയിനിലെ വഷ്ബൈസിനു മുന്നിൽ നിന്ന് കൈ കുമ്പിളിൽ നിറച്ച വെള്ളം അവളുടെ എണ്ണകറുപ്പാർന്ന വദനത്തിലൂടെ ഒലിച്ചിറങ്ങുമ്പൊൾ അവൾ തന്റെ മുഖത്തിനിരുവശവും മാറി മാറി നോക്കി അന്നാദ്യമായി ഞാൻ ഏറ്റം സുന്തരിയാണെന്നു അവൾക്കുതോന്നി "ഒരാളുടെ അഴക്‌ മറ്റൊരാളുടെ കണ്ണുകളിലാണ്‌ "എന്ന തത്വം അവൾ ഓർത്തു അപ്പോൾ അവളുടെ കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കടലാസ് തുണ്ടിലെ വാചകങ്ങൾ അവളുടെ മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു
                   നിന്റെ മനസിന്റെ വെളുപ്പുകൂടി എന്നിൽ കറുപ്പായി പ്രതിഫലിക്കുന്നു കാരണം കറുപ്പിനെയും നിന്നേയും 
ഞാൻ അത്രമേൽ സ്നേഹിക്കുന്നു.

                                                                                  എന്ന് നിന്റെ സ്വന്തം --------

                                                                                   08586904443
  അബി തോമസ്‌